Abdussamad Samadani on Mohanlal | മലയാള സിനിമ ലോകത്തിന് ഉപരി സാമുദായിക രാഷ്ട്രീയ രംഗത്തെ പ്രമുഖരുമായി എല്ലാം വളരെ അടുത്ത സൗഹൃദ ബന്ധം കാത്തുസൂക്ഷിക്കുന്ന വ്യക്തിയാണ് നടൻ മോഹൻലാൽ. മോഹൻലാൽ അടുത്തിടെ തന്റെ 63-ാം ജന്മദിനം ആഘോഷിച്ച വേളയിൽ, വിവിധ രംഗത്തുനിന്നുള്ള വ്യക്തികൾ അദ്ദേഹത്തിന് ജന്മദിന ആശംസകൾ അറിയിച്ചും, അദ്ദേഹത്തോടൊപ്പം ഉള്ള ഓർമ്മകൾ പങ്കുവെച്ചും സോഷ്യൽ മീഡിയയിൽ പ്രത്യക്ഷപ്പെട്ടിരുന്നു. ഇക്കൂട്ടരിൽ ഒരാളാണ് പാർലമെന്റ് അംഗമായ ഡോ. അബ്ദുസമദ് സമദാനി.
മോഹൻലാലിനൊപ്പമുള്ള ചിത്രങ്ങൾ പങ്കുവെച്ചുകൊണ്ട്, അദ്ദേഹത്തിന് ജന്മദിന ആശംസകൾ നേരുകയും, അദ്ദേഹവും ഒത്തുള്ള വ്യക്തി ബന്ധത്തെ കുറിച്ച് സമദാനി ഒരു കുറിപ്പ് എഴുതുകയും ചെയ്തിരുന്നു. മോഹൻലാലിനുള്ള ജന്മദിന സന്ദേശം അദ്ദേഹത്തിന്റെ മാതാവിനാണ് സമദാനി സമർപ്പിച്ചത്. മലയാളത്തിന്റെ സൂപ്പർസ്റ്റാർ മോഹൻലാലിന് അബ്ദുസമദ് സമദാനി നൽകിയ ജന്മദിന സന്ദേശത്തിന്റെ പ്രസക്തഭാഗങ്ങൾ ഇവിടെ പങ്കുവെക്കുന്നു.

“‘നിത്യജീവനുള്ള മഹാജീനിയസ്സ് ‘ എന്ന് എല്ലാ അർത്ഥത്തിലും വിശേഷിപ്പിക്കപ്പെടാവുന്ന സ്നേഹനിധിയായ കലാകാരൻ. മഹാമേരുവെപ്പോൽ ഉയർന്നുനിൽക്കുന്ന ലാലിൻ്റെ മഹാപ്രതിഭക്ക് സ്നേഹാദരത്തിന്റെ അഭിവാദ്യങ്ങൾ! അദ്ദേഹം ഐശ്വര്യവാനും ദീർഘായുഷ്മാനുമായിരിക്കട്ടെ! എനിക്ക് മോഹൻലാൽ എൻ്റെ വിശ്വസ്തമിത്രവും ഉറ്റ സഹോദരനും അതിലൊക്കെ അപ്പുറവുമാണ്. കാരുണ്യത്തിന്റെ ഉറവ വറ്റാത്ത കരൾ കൈമുതലായി കലാരംഗത്തും വ്യക്തിജീവിതത്തിലും ഹൃദയങ്ങളെ വാഴുന്ന മനുഷ്യൻ.”
“ഈ ജന്മദിനസന്ദേശം ലാലിൻ്റെ സാത്വികമാതാവിന് സമർപ്പിക്കാനാണ് എനിക്ക് താല്പര്യം. അമ്മയ്ക്ക് അസുഖം ബാധിച്ചപ്പോൾ ഞാൻ അവരെ കാണാൻ പോയതും ഞങ്ങളിരുവരും ചേർന്ന് അമ്മയെ വിളിച്ചുണർത്തിയതും, ‘അമ്മ നോക്കൂ, ആരാണ് വന്നിരിക്കുന്നത്’ എന്ന് ധന്യമാതാവിൻ്റെ പ്രിയപൊരുളായ പുത്രൻ പറഞ്ഞതും ഓർക്കുന്നു. അല്ലെങ്കിലും മക്കളുടെ നേട്ടങ്ങളും സൗഭാഗ്യങ്ങളും അമ്മയ്ക്കല്ലാതെ മറ്റാർക്കാണ് അവകാശപ്പെട്ടിരിക്കുന്നത്.”
Be First to Comment