നവാഗതനായ വിനേഷ് വിശ്വനാഥൻ സംവിധാനം ചെയ്യുന്ന വരാനിരിക്കുന്ന സിനിമയാണ് ‘സ്ഥാനാർഥി ശ്രീക്കുട്ടൻ’. അജു വർഗീസ്സിന്റെയും സൈജു കുറുപ്പിന്റെയും കൂട്ടുകെട്ടിലാണ് ചിത്രം ഒരുങ്ങുന്നത്. ജോണി ആന്റണിയും ശ്രുതി സുരേഷും ഇവരുടെ കൂടെ സംഗമിക്കുന്നുണ്ട്. സ്കൂൾ ജീവിതത്തെ കുറിച്ചും കുട്ടികളുടെ സ്നേഹത്തെയും അടിപിടികളെയും കുറിച്ച് സംസാരിക്കുന്ന സിനിമ ഏഴാം ക്ലാസ്സിൽ പഠിക്കുന്ന രണ്ട് കുട്ടികളെ കേന്ദ്രീകരിച്ചാണ് നീങ്ങുന്നത്.
ശ്രീരംഗ് ഷൈൻ, അഭിനവ് എന്നീ കുട്ടികളാണ് പ്രധാന കഥാപാത്രങ്ങൾ അവതരിപ്പിക്കുന്നത്. ശ്രീക്കുട്ടൻ, അമ്പാടി എന്നീ പേരുകളാണ് ഇവരുടെ കേന്ദ്ര കഥാപാത്രങ്ങൾക്ക്. ബഡ്ജറ്റ് ബാനറിന്റെ കീഴിലാണ് ചിത്രം ഒരുങ്ങുന്നത്. നവംബർ 14 ശിശുദിനത്തിൽ ‘സ്ഥാനാർഥി ശ്രീക്കുട്ടൻ’ സിനിമയുടെ അണിയറപ്രവർത്തകർ നിർമ്മിച്ച ചിൽഡ്രൻസ് ഡേ വീഡിയോ ഇപ്പോൾ സാമൂഹ്യ മാധ്യമങ്ങളിൽ വൈറലാവുകയാണ്. അജു വർഗീസാണ് തന്റെ ഫേസ്ബുക് പേജിലൂടെ വീഡിയോ പുറത്തു വിട്ടത്. വീഡിയോയിൽ ശ്രീരംഗ് ഷൈനിനെയും അഭിനവിനെയും കാണാം.

ഇവർ രണ്ടു പേരും അജു വർഗീസിന്റെ അടുത്ത് വന്ന് സിനിമയിൽ റോൾ ചോദിക്കുന്നതും അജു വർഗീസ് അവരുടെ അടുത്ത് പറയുന്ന മറുപടിയും അവസാനം അജു വർഗീസിന് പകരം ഈ കുട്ടികൾക്ക് സിനിമയിൽ പ്രധാന കഥാപാത്രങ്ങളായിട് അവസരം ലഭിക്കുന്നതുമായിട്ടാണ് വിഡിയോയിൽ കാണിക്കുന്നത്. ചിത്രം ഏഴാം ക്ലാസ്സുകാരെ കേന്ദ്രീകരിച്ചു നടക്കുന്ന കാര്യങ്ങളാണ് പറയുന്നത് എന്ന് ഈ വിഡിയോയിൽ വ്യക്തമാക്കുന്നുണ്ട്.
വീഡിയോയുടെ അവസാനത്തിൽ ശ്രീരംഗും അഭിനവും അവരുടെ കഥാപാത്രങ്ങളുടെ വേഷത്തിൽ മാസ്സ് കാണിച്ചു വരുന്ന വരവ് ആരാധകർ ആസ്വദിച്ചു. ധാരാളം നല്ല പ്രതികരണങ്ങളാണ് വീഡിയോക്ക് ലഭിക്കുന്നത്. നിഷാന്ത് പിള്ള, മുഹമ്മദ് റാഫി എം എ എന്നിവരാണ് സിനിമ നിർമ്മിക്കുന്നത്.