അഖിൽ സത്യൻ – ഫഹദ് ഫാസിൽ കൂട്ടുകെട്ടിൽ ഒരുങ്ങുന്ന ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്റെ ഔദ്യോഗിക ടീസർ അണിയറ പ്രവർത്തകർ പുറത്ത് വിട്ടിരിക്കുകയാണ്. 2018-ൽ പുറത്തിറങ്ങിയ ‘ഞാൻ പ്രകാശൻ’ എന്ന ഹിറ്റ് ചിത്രത്തിന് ശേഷം, അഖിൽ സത്യനും ഫഹദ് ഫാസിലും വീണ്ടും ഒരുമിക്കുമ്പോൾ, വലിയ പ്രതീക്ഷകളാണ് ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്മേൽ ആരാധകർ അർപ്പിക്കുന്നത്. അഖിൽ സത്യൻ തന്നെയാണ് ചിത്രത്തിന്റെ രചന നിർവഹിച്ചിരിക്കുന്നത്.
നീണ്ട ഇടവേളക്ക് ശേഷമാണ് ഒരു ഫഹദ് ഫാസിൽ ചിത്രം തിയേറ്ററിൽ എത്താൻ ഒരുങ്ങുന്നത്. 2022 ജൂലൈയിൽ പുറത്തിറങ്ങിയ ‘മലയൻകുഞ്ഞ്’ എന്ന ചിത്രത്തിന് ശേഷം പ്രേക്ഷകരിലേക്ക് എത്തുന്ന ഫഹദ് ഫാസിൽ ചിത്രമാണ് ‘പാച്ചുവും അത്ഭുതവിളക്കും’. രമ്യ സുരേഷ്, മുകേഷ്, ഇന്നസെന്റ് തുടങ്ങിയവർ ഫഹദ് ഫാസിലിനൊപ്പം പ്രധാന വേഷങ്ങളിൽ എത്തുന്ന ‘പാച്ചുവും അത്ഭുതവിളക്കും’, സേതു മണ്ണാർക്കാട് ആണ് നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ റിലീസിംഗ് തീയതിയും ഇതിനോടകം പുറത്തുവന്നിട്ടുണ്ട്.

ജസ്റ്റിൻ പ്രഭാകരൻ ആണ് ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ശരൺ വേലായുധൻ നായർ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നതും അഖിൽ സത്യൻ തന്നെയാണ്. ഏപ്രിൽ 28-നാണ് ‘പാച്ചുവും അത്ഭുതവിളക്കും’ എന്ന ചിത്രത്തിന്റെ തിയേറ്റർ റിലീസ് തീരുമാനിച്ചിരിക്കുന്നത്. മുംബൈയിൽ സെറ്റിൽഡ് ആയ ഒരു മിഡിൽ ക്ലാസ് യുവാവ്, കേരളത്തിലേക്ക് വരുമ്പോൾ ഉണ്ടാകുന്ന കാര്യങ്ങളാണ് ചിത്രത്തിന്റെ കഥാസന്ദർഭം.
മനു മഞ്ജിത്ത് ആണ് ചിത്രത്തിലെ ഗാനങ്ങൾക്ക് വരികൾ രചിച്ചിരിക്കുന്നത്. ജസിന്ത്, അഭിലാഷ് നാരായണൻ എന്നിവർ ചിത്രത്തിന്റെ ആർട്ട് ഡിപ്പാർട്ട്മെന്റ് കൈകാര്യം ചെയ്തപ്പോൾ, കോസ്റ്റും ഡിസൈൻ ചെയ്തിരിക്കുന്നത് ഉത്തര മേനോൻ ആണ്. ബിജു തോമസ് ആണ് ചിത്രത്തിന്റെ പ്രൊഡക്ഷൻ കൺട്രോളർ. ബിനോയ് ബെന്നി, ജിതിൻ ജോസഫ്, സിനോയ് ജോസഫ്, പ്രേംശങ്കർ, അനിൽ രാധാകൃഷ്ണൻ, ആൽവിൻ ജോൺ, മോമി തുടങ്ങിയവരെല്ലാം വ്യത്യസ്ത മേഖലകളിൽ ചിത്രത്തിന്റെ അണിയറയിൽ പ്രവർത്തിച്ചവരാണ്.