December 10, 2024

ആദ്യ പകുതി തീ!! പക്ഷെ ക്ലൈമാക്സ്‌.., ഫഹദ് ഫാസിൽ ചിത്രം ‘ധൂമം’ റിവ്യൂ | Dhoomam Review 

Dhoomam Review | ഫഹദ് ഫാസിൽ, അപർണ ബാലമുരളി തുടങ്ങിയവരെ പ്രധാന കഥാപാത്രങ്ങളിൽ അവതരിപ്പിച്ച് പവൻ കുമാർ സംവിധാനം ചെയ്ത ‘ധൂമം’ എന്ന ചിത്രം കഴിഞ്ഞ ദിവസം മുതൽ തീയേറ്ററുകളിൽ പ്രദർശനം ആരംഭിച്ചിട്ടുണ്ട്. ഉയർന്ന ശമ്പളമുള്ള ഒരു കോർപ്പറേറ്റ് ജീവനക്കാരനായ അവിനാഷ് എന്ന കഥാപാത്രത്തെയാണ് ചിത്രത്തിൽ ഫഹദ് ഫാസിൽ അവതരിപ്പിച്ചിരിക്കുന്നത്. അദ്ദേഹത്തിന്റെ ജീവിതത്തിൽ വന്നുചേരുന്ന അപ്രതീക്ഷിത വഴിത്തിരിവുകൾ ആണ് ഈ സിനിമയുടെ പ്രധാന ഇതിവൃത്തം.

ഫഹദ് ഫാസിലിന്റെ പ്രകടനം തന്നെയാണ് ചിത്രത്തിന്റെ പ്രധാന ഹൈലൈറ്റുകളിൽ ഒന്ന്. അദ്ദേഹത്തിന്റെ വ്യത്യസ്ത ഷേഡുകൾ ഈ കഥാപാത്രത്തിൽ എടുത്തു കാണിക്കുന്നു. അപർണ ബാലമുരളി, റോഷൻ മാത്യൂസ് തുടങ്ങിയവരുടെ പ്രകടനവും എടുത്തു പറയേണ്ടതാണ്. സിഗരറ്റ് ഉത്പാദിപ്പിക്കുന്ന ഒരു കോർപ്പറേറ്റ് കമ്പനിയുടെ പശ്ചാത്തലത്തിൽ ആണ് ഈ ചിത്രത്തിന്റെ കഥ നടക്കുന്നത്. സംവിധായകന്റെ മികവ് ചിത്രത്തിൽ പ്രകടമാണ്.

ഡ്രാമ, ത്രില്ലർ എന്നിങ്ങനെ രണ്ടായി തിരിക്കാൻ കഴിയുന്ന തിരക്കഥയിൽ ഒരു നോൺ-ലീനിയർ സമീപനമാണ് സംവിധായകൻ സ്വീകരിക്കുന്നത്. മുതിർന്ന നടൻ വിനീതിന് ഈ ചിത്രത്തിൽ ഒരു നിർണായക വേഷം ലഭിച്ചിട്ടുണ്ട്. അതേസമയം, കെജിഎഫ് ഉൾപ്പെടെയുള്ള സിനിമകളിൽ ശ്രദ്ധേയമായ വേഷങ്ങൾ കൈകാര്യം ചെയ്തിട്ടുള്ള അച്യുത് കുമാറിനെ ഈ ചിത്രത്തിൽ കൂടുതൽ കാര്യക്ഷമമായി ഉപയോഗിക്കാമായിരുന്നു എന്ന് തോന്നിപ്പോകുന്നു. ഇത്തരത്തിൽ ചില പോരായ്മകൾ പ്രേക്ഷകർ ചൂണ്ടിക്കാണിക്കുന്നു.

പരിമിതികൾക്കിടയിലും ചിത്രം ദൃശ്യപരമായി മികച്ചതായി കാണപ്പെടുന്നു. ചിത്രത്തിന്റെ തിരക്കഥ ദുർബലമാണ് എന്നത് തന്നെയാണ് ചില പ്രേക്ഷകരുടെ എങ്കിലും നെറ്റി ചുളിയാൻ കാരണമായിരിക്കുന്നത്. എന്നിരുന്നാലും, ചിത്രത്തിന്റെ ആദ്യ പകുതിയും, ഇടവേളക്ക് നിർത്തുന്ന പശ്ചാത്തലവും, ചിത്രത്തിന്റെ കാസ്റ്റിംഗും എല്ലാം തന്നെ വളരെ പോസിറ്റീവ് ആയ കാര്യങ്ങളാണ്. യുക്തി രഹിതമായ കീ ബ്ലോക്കുകൾ, എഴുത്തിലെ പോരായ്മകൾ, നായികയുടെ ക്യാരക്ടറൈസേഷൻ, ക്ലൈമാക്സ് എന്നിവയെല്ലാം കൂടുതൽ മെച്ചപ്പെടുത്താമായിരുന്നു. എന്തുതന്നെയായാലും, തീർച്ചയായും ‘ധൂമം’ പ്രേക്ഷകർക്ക് ഫഹദ് ഫാസിലിന്റെ ഒരു ഗംഭീര പ്രകടനം തന്നെ വാഗ്ദാനം ചെയ്യുന്നുണ്ട്. 

Leave a Reply