ഏഴ് വർഷത്തിന് ശേഷം ഭാവന മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്നതായിരുന്നു, ‘ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന്’ എന്ന ചിത്രത്തിനായി കാത്തിരിക്കാൻ പ്രേക്ഷകനെ പ്രചോദിപ്പിച്ച വലിയൊരു കാരണം. ഇതിന്റെ പ്രതിഫലനം എന്നോളം, ചിത്രത്തിന്റെ ആദ്യദിനം തന്നെ തിയേറ്ററുകളിൽ വലിയ തോതിൽ പ്രേക്ഷകർ എത്തിച്ചേരുകയും ചെയ്തു. വിവേക് ഭരതൻ, ആദിൽ എം അഷറഫ് എന്നിവർ ചേർന്ന് തിരക്കഥ ഒരുക്കിയ ചിത്രം, സംവിധാനം ചെയ്തിരിക്കുന്നത് ആദില്‍ എം അഷറഫ് ആണ്.
ഭാവന, ശറഫുദ്ദീൻ, ദിവ്യ എം നായർ, അശോകൻ തുടങ്ങിയവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്ന ചിത്രം, റൊമാൻസ്, കോമഡി ജോണറുകളിൽ ഉൾപ്പെടുന്നതാണ്. വിന്റേജ് കാറുകൾ പലപ്പോഴും അമിതമായി ഉപയോഗിക്കുന്ന ഒരു പ്രോപ്പർട്ടി ആണ്. എന്നാൽ, ന്റിക്കാക്കാക്കൊരു പ്രേമണ്ടാർന്ന് എന്ന ചിത്രത്തിൽ, വിന്റേജ് കാറിന് അനുയോജ്യമായ ഒരു പ്രാതിനിധ്യം ലഭിക്കുന്നു, ഇത് രണ്ട് ബാല്യകാല പ്രണയിനികളുടെ ആകസ്മിക കൂടിക്കാഴ്ചയ്ക്ക് കാരണമായി.

വിന്റേജ് കാർ ഡീലർ ആയ ജിമ്മി എന്ന കഥാപാത്രത്തെയാണ് ഷറഫുദ്ദീൻ അവതരിപ്പിക്കുന്നത്. നിത്യ എന്നാണ് ഭാവനയുടെ കഥാപാത്രത്തിന്റെ പേര്. ഇരുവരുടെയും ജീവിതത്തിലെ ഒരു നിർണായകഘട്ടത്തിൽ സംഭവിക്കുന്ന കാര്യങ്ങളും, പിന്നീട് വളരെ കാലത്തിനുശേഷം ഇരുവരും കണ്ടുമുട്ടുന്ന സന്ദർഭവും എല്ലാം ആണ് ചിത്രം കാണിക്കുന്നത്. ജിമ്മിയുടെ ഏറ്റവും ഇളയ സഹോദരിയും സിനിമയുടെ ഉജ്ജ്വല കഥാകാരിയുമായ പത്തു വയസ്സുകാരി മറിയത്തിലൂടെ (സാനിയ റാഫി) അവരുടെ കഥ നമ്മളിലേക്ക് വരുന്നു.
തന്റെ ആദ്യ സിനിമ ആയിരുന്നു എങ്കിലും, എഴുത്തുകാരനും സംവിധായകനുമായ ആദിൽ അഷറഫ് മികച്ച ഒരു സിനിമയാണ് ഒരുക്കിയിരിക്കുന്നത് എന്ന് പ്രേക്ഷകർ അഭിപ്രായപ്പെടുന്നു. സാമൂഹികവും കുടുംബപരവുമായ സമ്മർദ്ദങ്ങൾ കാരണം, ജീവിതത്തിന്റെ വിവിധ ഘട്ടങ്ങളിൽ ആഗ്രഹിച്ചത് നേടുന്നതിൽ പരാജയപ്പെട്ട ആളുകളുടെ കഥകൾ പറയുമ്പോൾ, അതിനെ മറ്റു വൈകാരിക തലങ്ങളിലേക്ക് കൊണ്ടുപോയി ഗൗരവമേറിയ പല വിഷയങ്ങളിലേക്കും കൊണ്ടുപോകാതിരിക്കാൻ സംവിധായകൻ ശ്രമിച്ചിട്ടുണ്ട്.