ടി20 ലോകകപ്പിലെ ആവേശം നിറഞ്ഞ ഇന്ത്യ പാകിസ്ഥാൻ മത്സരത്തിനൊടുവിൽ ഇന്ത്യ വിജയം നേടിയിരിക്കുകയാണ്. അവസാന ബോൾ വരെ നീണ്ടുനിന്ന ത്രില്ലിംഗ് മത്സരത്തിൽ, വിരാട് കോഹ്‌ലി ആണ് ഇന്ത്യയെ വിജയത്തിലേക്ക് നയിച്ചത്. ചിരവൈരികളായ പാക്കിസ്ഥാനെതിരെയുള്ള ലോകകപ്പ് വിജയത്തിൽ ഇന്ത്യൻ ക്രിക്കറ്റ് ആരാധകർ എല്ലാം ആഹ്ലാദത്തിൽ ആണ്. ഇന്ത്യയുടെ വിജയത്തിൽ മലയാള സിനിമ ലോകവും പങ്കുചേർന്നു.
ഇന്ത്യക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ഉണ്ടാകില്ല എന്നാണ് നടൻ മോഹൻലാൽ അദ്ദേഹത്തിന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചത്. “ഇന്ത്യക്ക് ഇതിലും നല്ല ദീപാവലി സമ്മാനം ചോദിക്കാൻ കഴിയില്ല. ടീം ഇന്ത്യ! തികച്ചും തിരികൊളുത്തിയ പടക്കം ആയിരുന്നു. ഒപ്പം വിരാട് കോഹ്‌ലി, എന്തൊരു ഗംഭീര ഷോ! ഇത് തുടർന്നുകൊണ്ടിരിക്കുക,” മോഹൻലാൽ കുറിച്ചു. ലാലേട്ടനൊപ്പം മമ്മൂക്കയും ഇന്ത്യയുടെ വിജയത്തിലുള്ള ആഹ്ലാദം പങ്കുവെച്ചു.

“ഒരു സമ്പൂർണ്ണ ക്ലാസിക്കിന് സാക്ഷ്യം വഹിച്ചു. മഹാനായ മനുഷ്യനെ ഏറ്റവും മികച്ച രീതിയിൽ കാണുന്നത് എന്തൊരു സന്തോഷമാണ്. വിരാട് കോഹ്‌ലിക്ക് ഒരു കയ്യടി. ഈ തകർപ്പൻ വിജയത്തിന് ടീം ഇന്ത്യക്ക് അഭിനന്ദനങ്ങൾ,” മമ്മൂട്ടി തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചു. ഇന്ത്യയെ ജയത്തിലേക്ക് നയിച്ചതിന് വിരാട് കോഹ്‌ലിക്ക് നന്ദി പറഞ്ഞുകൊണ്ട് നടൻ ഉണ്ണി മുകുന്ദനും എത്തി.
“വിരാട് വിരാട് കോഹ്‌ലിക്ക് നന്ദി. ഇന്ത്യ ഇത്തവണ ശോഭനമായ ഒരു ദീപാവലി ആഘോഷിക്കും, നിങ്ങൾ ഈ ജയം നൽകിയത് കൊണ്ട് മാത്രം,” ഉണ്ണി മുകുന്ദൻ കുറിച്ചു. “എന്തൊരു ആവേശകരമായ മത്സരം!! എനിക്ക് കടിക്കാൻ ഇനി നഖം ഒന്നും ഉണ്ടെന്ന് തോന്നുന്നില്ല. കോഹ്‌ലിയും ഇന്ത്യയും നന്നായി കളിച്ചു. പരമ്പരയിലുടനീളം മികച്ച ഫോം തുടരുമെന്ന് ഞാൻ പ്രതീക്ഷിക്കുന്നു,” ദുൽഖർ സൽമാനും ഇന്ത്യയുടെ വിജയാഹ്ലാദത്തിൽ പങ്കുചേർന്നു.