February 13, 2025

“ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി” മോഹൻലാൽ പറയുന്നു | Mohanlal on memories of PKR Pillai

Mohanlal on memories of PKR Pillai | നിരവധി സൂപ്പർ ഹിറ്റ് ചിത്രങ്ങൾ മലയാളികൾക്ക് സമ്മാനിച്ച നിർമ്മാതാവ് പികെആർ പിള്ള അന്തരിച്ചു. മലയാള ഫിലിം ഇൻഡസ്ട്രിയിലെ എക്കാലത്തെയും ഇൻഡസ്ട്രി ഹിറ്റ് ചിത്രമായ ‘ചിത്രം’ ഉൾപ്പെടെ 16 ഓളം സിനിമകൾ നിർമ്മിച്ച നിർമ്മാതാവാണ് പികെആർ പിള്ള. സുകുമാരി, അടൂർ ഭാസി തുടങ്ങിയവർ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ 1984-ൽ പുറത്തിറങ്ങിയ  ‘വെപ്രാളം’ എന്നാ സിനിമയാണ് ഇദ്ദേഹം ആദ്യമായി നിർമ്മിച്ചത്.

ഇന്നും മലയാള സിനിമ പ്രേമികൾക്കിടയിൽ ഏറെ ജനപ്രീതിയുള്ള മോഹൻലാൽ ചിത്രങ്ങളായ ‘ചിത്രം’, ‘വന്ദനം’, ‘കിഴക്കുണരും പക്ഷി’ എന്നീ സിനിമകൾ എല്ലാം നിർമ്മിച്ചത് പികെആർ പിള്ള ആയിരുന്നു. കൂടാതെ മോഹൻലാൽ കേന്ദ്ര കഥാപാത്രങ്ങളിൽ എത്തിയ ഏഴു മുതൽ ഒൻപതു വരെ, ശോഭരാജ്, അർഹത, അഹം എന്നീ സിനിമകൾ എല്ലാം നിർമ്മിച്ചിരിക്കുന്നത് പികെആർ പിള്ള ആണ്. അതുകൊണ്ടുതന്നെ അദ്ദേഹവുമായി മോഹൻലാലിന് വളരെ അടുത്ത വ്യക്തി ബന്ധം ഉണ്ട്.

പികെആർ പിള്ളയോടുള്ള തന്റെ കടപ്പാട് ഉയർത്തി കാണിച്ചുകൊണ്ട് മോഹൻലാൽ ഇപ്പോൾ ഒരു കുറിപ്പ് തന്റെ സോഷ്യൽ മീഡിയ ഹാൻഡിൽ പങ്കുവെച്ചിരിക്കുകയാണ്. “എൻ്റെ ജ്യേഷ്ഠ തുല്യനായ പ്രിയപ്പെട്ട പിള്ളച്ചേട്ടൻ ഈ ലോകത്തോട് വിടപറഞ്ഞിരിക്കുന്നു. മലൈക്കോട്ടൈ വാലിബൻ സിനിമയുമായി ബന്ധപ്പെട്ട് ചെന്നൈയിൽ ആയിരിക്കുന്ന സമയത്താണ് ഹൃദയഭേദകമായ ഈ വാർത്ത അറിഞ്ഞത്. പി കെ ആർ പിള്ള എന്ന പേര് മലയാള സിനിമയുടെ ചരിത്രത്തിൽ സുവർണ്ണ ലിപികളിൽ എഴുതപ്പെട്ടതാണ്.

കാലം എന്നുമെന്നും ഓർക്കുന്ന നിരവധി നല്ല ചിത്രങ്ങൾ നിർമ്മിച്ച് ഞാനടക്കമുള്ള ഒട്ടേറെ കലാകാരന്മാരെ കൈപിടിച്ചുയർത്തിയ മനുഷ്യസ്നേഹി. പിള്ളച്ചേട്ടനുമൊത്തുള്ള എത്രയെത്ര സ്നേഹനിമിഷങ്ങളാണ് ഈ നിമിഷം ഓർമ്മയിലെത്തുന്നത്. നടനെന്ന നിലയിലുള്ള എൻ്റെ വളർച്ചയ്ക്ക് പിള്ളച്ചേട്ടൻ നൽകിയ സ്നേഹവും പ്രോത്സാഹനവും പറഞ്ഞാൽ തീരാത്തത്ര വലിയ പങ്കുവഹിച്ചിട്ടുണ്ട്. മലയാള സിനിമയിലെ ആ വലിയ വ്യക്തിത്വത്തിന് കണ്ണീരിൽ കുതിർന്ന ആദരാഞ്ജലികൾ.”

Leave a Reply