Jailer Update | സൂപ്പർസ്റ്റാർ രജിനീകാന്തിനെ നായകനാക്കി നെൽസൺ സംവിധാനം ചെയ്ത ‘ജയിലർ’ എന്ന ചിത്രത്തിന്റെ റിലീസിംഗ് തീയതി നിർമാതാക്കൾ പുറത്തുവിട്ടു. മലയാളികളുടെ സൂപ്പർസ്റ്റാർ മോഹൻലാൽ ഈ ചിത്രത്തിൽ ഒരു കമിയോ അപ്പിയറൻസ് നടത്തുന്നുണ്ട് എന്നതിനാൽ തന്നെ, ചിത്രം അതിന്റെ ആരംഭ ഘട്ടം മുതൽ മലയാള സിനിമ ആരാധകർക്ക് ഇടയിൽ വലിയ ശ്രദ്ധ പിടിച്ചുപറ്റിയിരുന്നു. ഇപ്പോൾ, ചിത്രത്തിന്റെ ഔദ്യോഗിക തീയേറ്റർ റിലീസ് തീയതി നിർമാതാക്കൾ പുറത്തുവിട്ടിരിക്കുകയാണ്.
ഓഗസ്റ്റ് 10-നാണ് ചിത്രത്തിന്റെ തീയേറ്റർ റിലീസ് നിശ്ചയിച്ചിരിക്കുന്നത്. ചിത്രത്തിലെ രജനീകാന്തിന്റെയും മോഹൻലാലിന്റെയും കഥാപാത്രങ്ങളുടെ ലുക്കുകൾ നേരത്തെ തന്നെ അണിയറ പ്രവർത്തകർ പുറത്തുവിട്ടിരുന്നു. ഇത് ആരാധകർക്കിടയിൽ ഏറെ ശ്രദ്ധ പിടിച്ചു പറ്റിയിരുന്നു. മോഹൻലാലിന്റെ വിന്റേജ് ലുക്കിലുള്ള കഥാപാത്രം പ്രേക്ഷകരിൽ ആകാംക്ഷ ജനിപ്പിക്കുന്നുണ്ട്. ചിത്രത്തിൽ മറ്റു നിരവധി വലിയ താരങ്ങൾ അണിനിരക്കുന്നുണ്ട്.

ശിവ രാജ്‌കുമാർ, തമന്ന, രമ്യ കൃഷ്ണൻ, ജാക്കി ഷ്രോഫ്, വിനായകൻ, യോഗി ബാബു, സുനിൽ, കിഷോർ, നാഗേന്ദ്ര ബാബു, നമോ നാരായണ തുടങ്ങി വലിയ ഒരു താരനിര തന്നെ ഈ ചിത്രത്തിൽ വേഷമിട്ടിട്ടുണ്ട്. സൺ പിക്ചേഴ്സിന്റെ ബാനറിൽ കലാനിധി മാരൻ ആണ് ഈ ചിത്രം നിർമ്മിച്ചിരിക്കുന്നത്. നെൽസൺ തന്നെ രചന നിർവഹിച്ചിരിക്കുന്ന ഈ ചിത്രം, ഒരു ആക്ഷൻ കോമഡി ജോണറിൽ ഉൾപ്പെടുന്ന ചിത്രമായിരിക്കും എന്നാണ് പ്രതീക്ഷിക്കുന്നത്.
വിജയ് കാർത്തിക് കണ്ണൻ ഛായാഗ്രഹണം നിർവഹിച്ചിരിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്തിരിക്കുന്നത് ആർ നിർമൽ ആണ്. അനിരുദ്ധ് രവിചന്ദർ ആണ് ഈ ചിത്രത്തിന്റെ സംഗീതം നിർവഹിച്ചിരിക്കുന്നത്. ആകാംക്ഷയോടെ കാത്തിരിക്കുന്ന ആരാധകർക്ക് ചിത്രത്തിന്റെ റിലീസ് തീയതി പുറത്തുവന്നത് ഇപ്പോൾ ആശ്വാസകരമായിരിക്കുന്നു. കമിയോ റോളിലാണ് മോഹൻലാൽ എത്തുന്നതെങ്കിലും, അദ്ദേഹത്തിന്റെ ആരാധകർ വലിയ ആവേശത്തിലാണ്.