November 12, 2024

നടൻ പൃഥ്വിരാജ് സുകുമാരൻ സിനിമ ചിത്രീകരണത്തിനിടെ അപകടത്തിൽപ്പെട്ടു; പരിക്കേറ്റ താരം ആശുപത്രിയിൽ | Prithviraj Sukumaran accident Vilayath Buddha

Prithviraj Sukumaran accident Vilayath Buddha : പ്രിത്വിരാജ് സുകുമാരൻ അഭിനയിക്കുന്ന ഏറ്റവും പുതിയ ചിത്രമാണ് ‘വിലായത്ത് ബുദ്ധ’. ഈ ചിത്രത്തിന്റെ പുരോഗമിക്കുന്ന ചിത്രീകരണത്തിനിടെ പൃഥ്വിരാജ് ഒരു അപകടത്തിൽ പെടുകയും അദ്ദേഹത്തിന് പരിക്കേൽക്കുകയും ചെയ്തിരിക്കുകയാണ്. കഴിഞ്ഞ ദിവസം രാത്രിയോടെയാണ് പ്രമുഖ മാധ്യമങ്ങളെല്ലാം ഈ വാർത്ത റിപ്പോർട്ട് ചെയ്തത്. മറയൂരിൽ ഷൂട്ടിംഗ് പുരോഗമിക്കുന്നതിനിടയാണ് പൃഥ്വിരാജിന്റെ കാലിന് പരിക്കേറ്റിരിക്കുന്നത്. പൃഥ്വിരാജ് സുകുമാരന്റെ പരിക്കുമായി ബന്ധപ്പെട്ടിട്ടുള്ള വിശദവിവരങ്ങൾ ഇപ്പോൾ പുറത്തു വരുന്നുണ്ട്.

ഒരു ബസിലെ സംഘട്ടനരംഗം ചിത്രീകരിക്കുന്നതിനിടെയാണ് പൃഥ്വിരാജിന് പരിക്കേറ്റിരിക്കുന്നത്. ബസ്സിൽ നിന്ന് ചാടിയിറങ്ങുന്നതിനിടെ സംഭവിച്ച അപകടത്തിൽ പൃഥ്വിരാജിന്റെ കാലിന്റെ ലിഗമെന്റിന് പരിക്കേറ്റതായി ആണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. അതേസമയം, പരിക്ക് ഗുരുതരം അല്ല എന്നും, മൈനർ അപകടം ആണ് സംഭവിച്ചിരിക്കുന്നത് എന്നും റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു. എന്നാൽ, ചെറിയ ഒരു സർജറി അദ്ദേഹത്തിന് വേണ്ടി വന്നേക്കാം എന്നും ചില റിപ്പോർട്ടുകളിൽ കാണാൻ സാധിക്കുന്നു.

നിലവിൽ കൊച്ചിയിലെ ഒരു സ്വകാര്യ ആശുപത്രിയിലാണ് പൃഥ്വിരാജ് ഉള്ളത്. അദ്ദേഹം ഇന്ന് (തിങ്കളാഴ്ച) ഒരു സർജറിക്ക് വിധേയനാകും എന്ന് ചില മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു. അദ്ദേഹത്തിന്റെ പുതിയ സിനിമയുടെ വിശേഷങ്ങളിലേക്ക് വന്നാൽ, ജയൻ നമ്പ്യാർ ആണ് ‘വിലായത്ത് ബുദ്ധ’ സംവിധാനം ചെയ്യുന്നത്. ചന്ദന മരത്തിന്റെ ഉടമസ്ഥാവകാശം അവകാശപ്പെടാൻ ശ്രമിക്കുന്ന രണ്ടുപേരെ ചുറ്റിപ്പറ്റിയാണ് ഈ ചിത്രത്തിന്റെ കഥ കേന്ദ്രീകരിക്കുന്നത് എന്നാണ് റിപ്പോർട്ടുകൾ.

ജിആർ ഇന്ദുഗോപൻ, രാജേഷ് പിന്നാടൻ എന്നിവർ ചേർന്ന് രചന നിർവഹിച്ച ഈ ചിത്രത്തിൽ പൃഥ്വിരാജിനൊപ്പം, അനു മോഹൻ, പ്രിയംവദ കൃഷ്ണൻ, ഷമ്മി തിലകൻ തുടങ്ങി നിരവധി പേർ പ്രധാന വേഷങ്ങളിൽ എത്തുന്നുണ്ട്. സന്ദീപ് സേനൻ, അനീഷ് എം തോമസ് എന്നിവർ ചേർന്ന് നിർമ്മിക്കുന്ന ഈ ചിത്രത്തിന്റെ സംഗീതം കൈകാര്യം ചെയ്യുന്നത് ജയ്ക്സ് ബിജോയ് ആണ്. അരവിന്ദ് കശ്യപ്പ് ഛായാഗ്രഹണം നിർവഹിക്കുന്ന ഈ ചിത്രത്തിന്റെ എഡിറ്റിംഗ് കൈകാര്യം ചെയ്യുന്നത് ശ്രീജിത്ത് സാരംഗ് ആണ്.

Leave a Reply