Suresh Gopi’s Janaki v/s state of kerala movie teaser | ഒരിടവേളക്ക് ശേഷം സിനിമ ലോകത്തേക്ക് തിരിച്ചെത്തിയ സുരേഷ് ഗോപിയുടേതായി നിരവധി മലയാള സിനിമകൾ ആണ് ഇപ്പോൾ അണിയറയിൽ ഒരുങ്ങിക്കൊണ്ടിരിക്കുന്നത്. കഴിഞ്ഞ ദിവസം സുരേഷ് ഗോപി അദ്ദേഹത്തിന്റെ ജന്മദിനം ആഘോഷിക്കുന്ന വേളയിൽ, അദ്ദേഹത്തിന്റെ ചിത്രീകരണം അവസാന ഘട്ടത്തിൽ എത്തിയ നിരവധി സിനിമകളുടെ അപ്ഡേറ്റുകൾ അവയുടെ അണിയറ പ്രവർത്തകർ പുറത്തിറക്കിയിരുന്നു. അവയിൽ ആരാധകർ ഏറെ പ്രതീക്ഷയോടെ കാത്തിരിക്കുന്ന ഒരു ചിത്രത്തിന്റെ ടീസറും ഉൾപ്പെടുന്നു.
സുരേഷ് ഗോപിയെ കേന്ദ്ര കഥാപാത്രത്തിൽ അവതരിപ്പിച്ച് പ്രവിൻ നാരായൺ സംവിധാനം ചെയ്യുന്ന ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിന്റെ സ്പെഷ്യൽ ടീസർ ആണ് ഇപ്പോൾ പുറത്തുവന്നിരിക്കുന്നത്. കോസ്മോസ് എന്റർടൈൻമെന്റിന്റെ ബാനറിൽ കിരൺ ആണ് ഈ ചിത്രം നിർമ്മിക്കുന്നത്. 2006-ൽ പുറത്തിറങ്ങിയ ചിന്താമണി കൊലക്കേസ് എന്ന ചിത്രത്തിൽ സുരേഷ് ഗോപി അവതരിപ്പിച്ച ലാൽ കൃഷ്ണ എന്ന വക്കീൽ കഥാപാത്രം വലിയ വിജയമായി മാറിയിരുന്നു.
ഇപ്പോൾ, ‘ജാനകി v/s സ്റ്റേറ്റ് ഓഫ് കേരള’ എന്ന ചിത്രത്തിലും ഒരു വക്കീൽ കഥാപാത്രത്തെയാണ് സുരേഷ് ഗോപി അവതരിപ്പിക്കുന്നത്. തൃശ്ശൂർ, കമ്പം, തേനി, ചെന്നൈ, ബാംഗ്ലൂർ എന്നിവിടങ്ങളിലായി ആണ് ചിത്രത്തിന്റെ ചിത്രീകരണം നടക്കുന്നത്. അനുപമ പരമേശ്വരൻ ഈ ചിത്രത്തിൽ ഒരു പ്രധാന വേഷത്തിൽ എത്തുന്നുണ്ട്. മാത്രമല്ല, സുരേഷ് ഗോപിയുടെ ഇളയ മകനായ മാധവ് സുരേഷും ഈ ചിത്രത്തിൽ ഒരു പ്രധാന കഥാപാത്രത്തെ അവതരിപ്പിക്കുന്നു.
ഇവർക്ക് പുറമെ അഷ്‌കർ അലി, ശ്രുതി രാമചന്ദ്രൻ, വൈഷ്ണവി രാജ് തുടങ്ങി നിരവധി താരങ്ങൾ ഈ ചിത്രത്തിൽ പ്രധാന വേഷങ്ങൾ അവതരിപ്പിക്കുന്നു. ഇത് കൂടാതെ സുരേഷ് ഗോപി പോലീസ് വേഷത്തിൽ എത്തുന്ന ഏറ്റവും പുതിയ ചിത്രമായ ഗരുഡന്റെ ടീസറും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു. രാഹുൽ രാമചന്ദ്രൻ സംവിധാനം ചെയ്യുന്ന എസ്ജി251, ജയരാജ് സംവിധാനം ചെയ്യുന്ന ‘ഒരു പെരുംകളിയാട്ടം’ എന്നിവയുടെ അപ്ഡേറ്റുകളും കഴിഞ്ഞ ദിവസം പുറത്തിറങ്ങിയിരുന്നു.