April 26, 2025

മുളക് ചെടി ഇങ്ങനെ പരിപാലിക്കു..! വീട്ടിലെ ആവശ്യത്തിനുള്ള മുളക് ഇനി ഒരു ചെടിയിൽ നിന്ന് തന്നെ ലഭിക്കും | tips to maintain chilly plant

നമ്മുടെ വീട്ടിൽ ഏറ്റവും അത്യാവശ്യമായി വേണ്ടതും ചെറിയ സ്ഥലത്ത് തന്നെ കൃഷി ചെയ്യാവുന്നതുമായ ഒരു പച്ചക്കറിയാണ് പച്ചമുളക്. മാത്രമല്ല മലയാളികളുടെ ഭക്ഷണ വിഭവങ്ങളിൽ ഏറ്റവും അത്യാവശ്യമായി വേണ്ട ഒന്നാണിതെന്ന് പ്രത്യേകം പറയേണ്ടതില്ലല്ലോ. അതുകൊണ്ട് തന്നെ എളുപ്പത്തിൽ പച്ചമുളക് നമ്മുടെ വീടുകളിൽ വളർത്തിയെടുക്കാം.

നമുക്ക് കുറഞ്ഞ സ്ഥലത്തും മുളക് കൃഷി ചെയ്യാമെന്നതാണ് അതിന്‍റെ പ്രത്യേകത. ടെറസിലോ മറ്റോ പച്ചമുളക് ഗ്രോ ബാഗുകളിൽ പാകി നല്ല രീതിയിൽ കൃഷി ചെയ്യാവുന്നതാണ്. വീട്ടുമുറ്റത്ത് പച്ചമുളക് വളര്‍ത്തുമ്പോള്‍ ചില കാര്യങ്ങള്‍ ശ്രദ്ധിച്ചാല്‍ തന്നെ നന്നായി വിളവ് ലഭിക്കും. അതിലൂടെ ഒരു കുടുംബത്തിന് ആവശ്യമുള്ള പച്ചമുളക് സ്വന്തം അടുക്കളത്തോട്ടത്തില്‍ നിന്ന് തന്നെ പറിച്ചെടുക്കാം. കീടബാധ ചെറുക്കാനും നന്നായി കായ്‍കളുണ്ടാകാനും ചെടിക്ക് അല്‍പം പരിചരണം നല്‍കിയാല്‍ മതി.

വിത്ത് പാകി മുളപ്പിച്ചാണ് പച്ച മുളക് പൊതുവെ കൃഷി ചെയ്യുക. വിത്ത് വാങ്ങാൻ ബുദ്ധിമുട്ട് ഉണ്ടെങ്കിൽ വീട്ടില്‍ വാങ്ങുന്ന ഉണക്ക മുളകിൽ നല്ലത് നോക്കി ഒന്നെടുക്കുക. അതിലെ അരികള്‍ പാകാന്‍ ആയി എടുക്കാം. വീട്ടിൽ സാധാരണ മണ്ണ് ആണെങ്കിൽ കുറച്ച് ചെങ്കല്ല് പൊടി മുളക് ചെടിയുടെ ചുവട്ടിൽ ഇട്ടു കൊടുക്കണം. ഒപ്പം ഏകദേശം ഏഴു ദിവസത്തോളം വച്ച് പുളിപ്പിച്ച കഞ്ഞിവെള്ളവും മീൻ വെട്ടി അതിന്റെ ബാക്കി വെള്ളവും ചുവട്ടിൽ ഒഴിച്ചു കൊടുക്കുന്നത് ചെടിക്ക് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്താൽ പച്ചമുളകിൽ ധാരാളം പൂക്കൾ ഉണ്ടാവുകയും, പിന്നീട് കുലകുത്തി മുളക് ഉണ്ടായി വരികയും ചെയ്യും.

ചെടിയിൽ നിൽക്കുന്ന അസുഖം ബാധിച്ച ഇലകളെ പ്രത്യേകം കണ്ടെത്തി മുറിച്ചു കളയുന്നത് ചെടിയുടെ വളർച്ചയ്ക്ക് വളരെ നല്ലതാണ്. ഇങ്ങനെ ചെയ്യുകയാണെങ്കിൽ അധികം മറ്റ് ഇലകളിലേക്ക് പടരാതെ തുടക്കത്തിൽ തന്നെ നിയന്ത്രിക്കാൻ സാധിക്കും. പറിച്ചു കളയുന്ന ഇലകൾ നമ്മൾ കൃത്യമായി നശിപ്പിക്കാൻ ശ്രദ്ധിക്കണം.ചെടിയുടെ അടുത്ത് തന്നെ ഇടുകയാണെങ്കിൽ അസുഖം വീണ്ടും ചെടിയിലേക്ക് പടരാൻ അത് കാരണമാകും. രണ്ടാഴ്ച കൂടുമ്പോൾ ചെടിയുടെ ചുവട്ടിൽ നിന്ന് അൽപ്പം മണ്ണ് മാറ്റിയശേഷം കുമ്മായവും, കടലപിണ്ണാക്കും ഇട്ടു കൊടുക്കുന്നതും പച്ച മുളക് നിറയെ കായ്ക്കാൻ നല്ലതാണ്.

Leave a Reply